അമിത്ഷായുടെ റാലി; കൊല്‍ക്കത്തയില്‍ ബി ജെ പി-ത്രിണമൂൽ സംഘര്‍ഷം ആളുന്നു;

0
8

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. അമിത് ഷായുടെ റാലിയിലെ വാഹനത്തിന്  നേരെ കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസില്‍നിന്ന്  കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകരും അക്രമാസക്തരായി. വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു.

കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത്. ബി.ജെ.പി. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.

സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പോലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടര്‍ന്നു. പിന്നീട് തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു.

സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ സര്‍വകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.