കല കുവൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്; അബുഹലീഫ എ യൂണിറ്റ് ടീം ജേതാക്കൾ

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മംഗഫ് എ യൂണിറ്റ് ടീമിനെ പരാജയപ്പെടുത്തി അബുഹലീഫ എ യൂണിറ്റ് ടീം  ജേതാക്കളായി. 44 ടീമുകളിലായി 500ഓളം ആളുകൾ പങ്കെടുത്ത മേഖലാ തല പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരങ്ങൾ ഉച്ചയോടെ സമാപിച്ചു. ജേതാക്കൾക്ക് ഈ വർഷം അന്തരിച്ച കല കുവൈറ്റ് അംഗം ബാലു ചന്ദ്രന്റെ പേരിലുള്ള ട്രോഫി സമ്മാനിച്ചു.

അബുഹലീഫ എ ടീമിലെ അരുൺ രാജിനെ മാൻ ഓഫ് ദ സീരീസായും, ഫൈനലിലെ താരമായും തിരഞ്ഞെടുത്തു. മംഗഫ്‌‌ എ ടീമിലെ റഹ്മാൻ മികച്ച ബാറ്സ്മാനും, അബുഹലീഫ എ യൂണിറ്റിലെ ശരത്ത് മികച്ച ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി ടി.കെ.സൈജു, പ്രസിഡന്റ്‌ ടി.വി.ഹിക്മത്, ജോ: സെക്രട്ടറി രജീഷ്, വൈസ്‌ പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനിച്ചു. കല കുവൈറ്റ് കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ് അധ്യക്ഷനായ സമ്മാനദാന ചടങ്ങിൽ  ശക്തി ക്രിക്കറ്റ് അക്കാദമി ചെയർമാൻ ശക്തി, കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്, ജനറൽ സെക്രട്ടറി ടി.കെ.സൈജു എന്നിവർ സംസാരിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി  ജിതിൻ പ്രകാശ്‌ സ്വാഗതവും, ടൂർണ്ണമെന്റ് കൺവീനർ  പ്രജോഷ്‌ നന്ദിയും പറഞ്ഞു.