കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ഈജിപ്ഷ്യന്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചില്ല

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ വിവിധ ഈജിപ്ഷ്യന്‍ സര്‍വകലാശാലകളിലെ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ അനുവദിക്കണമെന്ന അപേക്ഷ തള്ളി.
കെയ്‌റോയിലെ കുവൈത്ത് കള്‍ച്ചറല്‍ അറ്റാഷെ ഓഫീസിന്റെ അഭ്യര്‍ത്ഥനയാണ് ഈജിപ്ഷ്യന്‍ യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ (ഇയുസി) നിരസിച്ചത്. അറ്റാഷെ ഓഫീസ് മേധാവി ഡോ. അഹമ്മദ് അല്‍ മുത്തൈരിയാണ് ഇക്കാര്യം അറിയിച്ചത്.

പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുവൈത്ത് അടക്കമുള്ള വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പരീക്ഷ സംഘടിപ്പിക്കാന്‍ വിവിധ സര്‍വകലാശാലകളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ ധാരണയായതായി. ഈജിപ്ഷ്യന്‍ കള്‍ച്ചറല്‍ അറ്റാഷെ, ഈജിപ്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഈജിപ്ഷ്യന്‍ യൂണിവേഴ്‌സിറ്റികളിലെ കൗണ്‍സില്‍ എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്

പ്രത്യേക സമിതികളുടെ തീരുമാനപ്രകാരം വിമാനത്താവളങ്ങള്‍ തുറന്നതിനുശേഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി യൂണിവേഴ്‌സിറ്റികളിലെ കള്‍ച്ചറല്‍ അറ്റാഷെയുടെ മുമ്പില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചിടുന്ന സാഹചര്യം അടുത്ത മേയ് വരെ തുടരുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാന്‍ കള്‍ച്ചറല്‍ അറ്റാഷെ ആഗ്രഹിക്കുന്നില്ലെന്നും അല്‍ മുത്തൈരി പറഞ്ഞു.

പരീക്ഷാ തീയതിക്ക് മുമ്പായി വിമാനത്താവളം വീണ്ടും തുറന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി സര്‍വകലാശാലയില്‍ ഹാജരാകണമെന്നും പരീക്ഷ നീട്ടിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ഔദ്യോഗികമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.