കുവൈറ്റിൽ നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 69 ആയി ഉയർന്നു

കുവൈറ്റ്: നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 69 ആയി ഉയർന്നു. ചികിത്സയ്ക്ക് ശേഷം രോഗമുക്തമായി മടങ്ങിയ ആളുടെ എണ്ണം കൂടി ചേര്‍ത്താണ് ഇതുവരെ 69 പേരുടെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പുതിയതായി നാല് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഈജിപ്റ്റിൽ നിന്നെത്തിയവരാണ്. ഒരാൾ ഇറാനിൽ നിന്നും ഒരാൽ അസർബൈജാനിൽ നിന്നും എന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചത്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഒരാളുടെ അവസ്ഥ കുറച്ച് മോശമാണെന്നും റിപ്പോർട്ടുകളുണ്ട്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെത്തുന്നവർ 72 മണിക്കൂർ മുമ്പ് തന്നെ ആരോഗ്യ കേന്ദ്രങ്ങളെ അറിയിക്കണം അതു പോലെ രാജ്യത്തെത്തിക്കഴിഞ്ഞാൽ പതിനാല് ദിവസം നിർബന്ധമായും ക്വാറന്റൈൻ ആകണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.