കൊറേണ ഭീതി: ടോക്കിയോ ഒളിംപിക്സ് മാറ്റി വച്ചേക്കുമെന്ന് റിപ്പോർട്ട്

ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സ് മാറ്റി വച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മത്സരങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറ്റി വച്ചേക്കുമെന്നാണ് ജപ്പാൻ ഒളിംപിക് മന്ത്രി സെയ്ക്കോ ഹാഷിമോട്ടോയെ ഉദ്ദരിച്ച അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജപ്പാൻ പാര്‍ലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഒളിംപിക്സ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായുള്ള കരാര്‍ പ്രകാരം മത്സരങ്ങൾ 2020 നുള്ളിൽ പൂർത്തീകരിച്ചാൽ മതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒളിംപിക്സ് നീട്ടിവച്ചേക്കുമെന്ന് സൂചന മന്ത്രി നൽകിയത്.

ജൂലൈ 24 മുതൽ ആഗസ്റ്റ് 9 വരെയാണ് ഒളിംപിക് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയിച്ചത് പോലെ തന്നെ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന കാര്യവും ഹാഷിമോട്ടോ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഭീതി ഉയർത്തി ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തിൽ 2020 ലോക അത്ലറ്റിക്‌സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പും ഏപ്രില്‍ 19-ന് തീരുമാനിച്ചിരുന്ന ചൈനീസ് ഗ്രാന്‍ഡ്പ്രീയുമുള്‍പ്പെടെ മാറ്റി വച്ചിരുന്നു.