ദുബായിൽ സംഘടിപ്പിച്ച പ്രവാസിസംരംഭകരുടെ യോഗത്തിൽ കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം.

0
6

ദുബായിൽ സംഘടിപ്പിച്ച പ്രവാസിസംരംഭകരുടെ യോഗത്തിൽ കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്  കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ സംരംഭകരുടെ യോഗം വിളിച്ചത്‌.

പ്രവാസി വ്യവസായികൾ കേരളത്തിന്റെ നിക്ഷേപം നടത്താൻ വലിയതോതിലുള്ള സന്നദ്ധതയാണ്‌ അറിയിച്ചതെന്ന്‌ യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബറിൽ കൊച്ചിയിൽ ആഗോള നിക്ഷേപകസംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിപി വേൾഡ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷിപ്പിങ്‌ ആൻഡ്‌ ലോജിസ്റ്റിക് മേഖലയിലായിരിക്കും പ്രധാന നിക്ഷേപം. ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവിൽപ്പന മേഖലയിലും  ആർ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസംമേഖലയിലും ആംസ്‌റ്റർ ​ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപിക്കും. മറ്റു ചെറുകിട സംരംഭകരുടെ നിക്ഷേപവാഗ്‌ദാനം 3500 കോടി രൂപയാണ്‌. കൊച്ചിയിലെ ആഗോളനിക്ഷേപക സംഗമത്തിൽ ധാരണപത്രം ഒപ്പിടുമെന്ന്‌ ഡിപി വേൾഡ് വൈസ് പ്രസിഡന്റ്‌ ഉമർ അൽമൊഹൈരി അറിയിച്ചു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എം എ യൂസഫലി, വ്യവസായ വാണിജ്യ  വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു