നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ

0
23

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ. മരണവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാര്‍ അഭിഭാഷകനായ രാഹുൽ ശര്‍മ്മ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം ആകുന്നത് വരെ ശിക്ഷ നടപ്പാക്കാൻ പാടില്ലെന്നാണ് ജയിൽ ചട്ടം. ദയാഹർജി തള്ളിയാലും 14 അതിന് 14 ദിവസം കൂടി കഴിഞ്ഞ് മാത്രമെ ശിക്ഷ നടപ്പാക്കാൻ കഴിയു എന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കോടതി, ഇതിനായി വിചാരണ കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ പാരമെഡിക്കൽ വിദ്യാർഥിയായ 23കാരി ഓടുന്ന ബസിൽ വച്ച് ക്രൂര ബലാത്സംഗത്തിനിരയായത്. പീഡനശേഷം പെൺകുട്ടിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചുള്ള കോടതി ഉത്തരവെത്തുന്നത്.