കുവൈത്ത് സിറ്റി : ഓവർസ്സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ‘പുരസ്കാര സന്ധ്യ 2019′ പരിപാടി ഓക്റ്റോബർ 12 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ മറീന ഹാളിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ , പാലക്കാട് എം.പി. വികെ. ശ്രീകണ്ഠൻ , പ്രശസ്ത ചലചിത്ര താരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ , എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും. ഇന്ത്യയിയിലെ രാഷ്ട്രീയ സമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും , കുവൈത്തിലെ വ്യവസായ രംഗത്ത് , മലയാളികൾക്കിടയിൽ മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിക്കും ആയിരിക്കും പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം സമർപ്പിക്കുക. പുരസ്കാര ജേതാക്കളെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും.പരിപാടിയിൽ ഗായകരായ പ്രദീപ് ബാബു , മൃദുല വാര്യർ എന്നിവർ നയിക്കുന്ന ഗാന മേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ ,നാടൻ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓ.ഐ.സി.സി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര , ജനറൽ സെക്രടറി ബി.എസ്.പിള്ള ,വൈസ് പ്രസിഡന്റ് എബി വാരിക്കാട് , മീഡിയ കൺ വീനർ വർഗ്ഗീസ് ജോസഫ് മാരാമൺ, ട്രഷറർ രാജീവ് നടുവിലെമുറി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.