കുവൈത്ത്: കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ നടത്തുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്ന ടെൻഡർ ദില്ലി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികളിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അബുദാബി, യുഎഇ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്കായുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട ടെൻഡറുകളാണ് കോടതി അസാധുവാക്കിയത്. സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്ന കരാർ നടപടികളിൽ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിധി.
ഒരു മാസത്തിനകം പുതിയ ടെൻഡർ ക്ഷണിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ദില്ലി ഹൈക്കോടതി നിർദേശം നൽകി. പുതിയ ടെൻഡർ നടപടികൾ സുതാര്യമായും നിയമാനുസൃതമായും പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ തുടർനടപടികൾ സംബന്ധിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ സേവനങ്ങളുടെ ക്രമീകരണം എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനായാണ് പ്രവാസികൾ കാത്തിരിക്കുന്നത്.































