പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ‘കല’

കുവൈറ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈറ്റില്‍ പ്രതിഷേധ കൂട്ടായ്മ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല)യുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും മതിനിരപേക്ഷതയുടെയും മൂല്യങ്ങളെ തകർക്കുന്നതാണ് പുതിയ നിയമമെന്നാണ് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ഇത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അഭിപ്രായമുയർന്നു. അബ്ബാസിയയിലെ കല സെന്‍ററിൽ കഴിഞ്ഞ ദിവസമാണ് പ്രതിഷേധ സംഗമം നടന്നത്.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെ ചുവട്ടില്‍ കത്തി വക്കുന്ന നിലപാടാണ്‌ പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, നേരത്തെ തന്നെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കല പ്രസിഡന്റ് ടി.വി.ഹിക്മത്ത് കൂട്ടായ്മയിൽ അധ്യക്ഷത വഹിച്ചു. വർഗീസ് പുതുക്കുളങ്ങര (ഒഐസിസി), രാജീവ് ജോൺ (കേരള അസോസിയേഷൻ), ഹാരിസ് വെള്ളിയോത്ത് (കെ‌എംസിസി), ഷെറിൻ ഷാജു (വനിതാ വേദി), സാം‌ പൈനും‌മൂട്, സി.കെ.നൗഷാദ്, രജീഷ്, കെ.വി.നിസാർ (കല) എന്നിവർ പ്രസംഗിച്ചു.