സാൽമിയ: സൗഹൃദ വേദി – സാൽമിയ” നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ എന്ന ശീർഷകത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ദേശീയ ഗാനാലപനത്തോടു കൂടി സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീ. ജോർജ്ജ് പയസ്സ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. രണ്ട് പ്രളയ ദുരിതങ്ങളെ മത, രാഷ്ട്രീയ,ജാതി, വർഗ്ഗങ്ങൾക്കതീതമായി ഒരുമിച്ച് കൈകോർത്ത് നേരിടുകയും പരസ്പരം സഹായങ്ങൾ നൽകി എല്ലാ ജനങ്ങളും അതിൽ പങ്കാളികളാവുകയും ചെയ്തതുപോലെത്തന്നെ നിലവിലെ രാജ്യത്തെ സമാധാന അന്തരീക്ഷം മലീമസമാക്കാൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണമെന്നും മതേതര ജനാധിപത്യ വ്യവസ്ഥയും ഭരണഘടന നമുക്ക് നൽകുന്ന പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായി ഒരു മനസ്സോടെ ശ്രമിക്കണമെന്നും അദ്ദേഹം തന്റെ അദ്ധ്യക്ഷഭാഷണത്തിൽ ഉണർത്തി.തുടർന്ന് കുട്ടികൾ ഭരണഘടനാ ആമുഖം വായിക്കുകയും സദസ്സ് അതോറ്റു ചൊല്ലുകയും ചെയ്തു.ശ്രീ.അനിൽകുമാർ, ഡാനിയേൽ .വി .കുര്യൻ, അബ്ദുൾ ഷുക്കൂർ വണ്ടൂർ, എം.വി.ജോൺ, റസിയ അബ്ദുൾ വാഹിദ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഭരണഘടന ഭേദഗതി ബില്ലിലൂടെ ഫാഷിസ്റ്റ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സാമൂഹിക ചിദ്രതയും ഭിന്നിപ്പിക്കൽ തന്ത്രങ്ങളും മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും അതിനെതിരെ പ്രതികരിക്കണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റിയാസ് വളാഞ്ചേരി , അഷ്ക്കർ മാളിയേക്കൽ, ഷിബിലി, റൈഹാന നൗഷാദ് എന്നിവർ തുടർചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ചർച്ച നിയന്ത്രിക്കുകയും സമാപന പ്രസംഗം നടത്തുകയും ചെയ്തു. ശ്രീ.ജോർജ് പയസ്സ് രചിച്ച കവിത ഫിസ ഫൈസൽ ബാബു, സൈനബ്, ഷെരീഫ, നുസ, നസ്രീൻ ,മുഹമ്മദ് അമാൻ എന്നിവർ ചേർന്ന് ആലപിച്ചു. “മനസ്സ് നന്നാവട്ടെ” എന്ന സംഘഗാനം സിസിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി എന്നിവർ ചേർന്ന് അവതരിപിക്കുകയും, ജോസഫ് ഗ്രിഫിൻ, ബേബി അനുപമ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്‌തു.തോമസ്, ഗീതു, ഷൈലജ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സൗഹൃദ വേദി സാൽമിയ സെക്രട്ടറി മനോജ് പരിമണം സ്വാഗതം ആശംസിക്കുകയും പ്രോഗ്രാം കൺവീനർ നിസാർ.കെ.റഷീദ് നന്ദി പറയുകയും ചെയ്തു.
photo caption: –
സൗഹൃദ വേദി – സാൽമിയ സംഘടിപ്പിച്ച “നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ” ടേബിൾ ടോക്ക് പരിപാടിയിൽ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീ.ജോർജ്ജ് പയസ്സ് സംസാരിക്കുന്നു.
താഴെ: സദസ്സ്