കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ യാത്രാ പ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. നിലവിൽ ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം പരിമിതമായതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് പ്രവാസികൾ നേരിടുന്നത്. യാത്ര ചെയ്യേണ്ട അനിവാര്യ സാഹചര്യങ്ങളിലും നിരവധി പേർക്ക് ഇന്ത്യയിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ നിരവധി വിദ്യാർത്ഥികൾ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ അവരുടെ വിലപ്പെട്ട പഠനസമയം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
അതോടൊപ്പം, വാർഷിക അവധി ആരംഭിച്ച നിരവധി പ്രവാസികൾക്ക് മുൻകൂട്ടി തയ്യാറാക്കിയ യാത്രാ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതെ വ്യക്തിപരമായും തൊഴിൽപരമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. കുടുംബാംഗങ്ങളുടെ നിര്യാണം പോലുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ട നിരവധി പേരും, വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകേണ്ട രോഗികളും നിലവിലെ വിമാന പരിമിതികൾ കാരണം വലിയ പ്രതിസന്ധിയിലാണ്. പരിമിതമായ വിമാന സർവീസുകൾ കാരണം വിമാന നിരക്കുകൾ അസാധാരണമായി വർധിച്ചതും സാധാരണക്കാരായ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രണ്ട് പ്രധാന ആവശ്യങ്ങൾ പരിഗണിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെടുന്നു. ഒന്നാമതായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) അല്ലെങ്കിൽ ടെർമിനൽ 5 (T5) എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ എയർലൈൻ കമ്പനികളുടെ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ കുവൈത്ത് സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണം. രണ്ടാമതായി, നേരത്തെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സൗദി ട്രാൻസിറ്റ് വിസ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതുവഴി ഇന്ത്യൻ പൗരന്മാർക്ക് റിയാദ്, ദമ്മാം തുടങ്ങിയ സമീപ വിമാനത്താവളങ്ങൾ ഉപയോഗിച്ച് സൗദി ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെടുന്നു.

































