യുഎഇയിൽ അമ്മയുടെ ക്രൂര മർദനമേറ്റ കുഞ്ഞിനെ അച്ഛന് കൈമാറി

ദുബായ്: യുഎഇയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായ കുഞ്ഞിനെ ആവശ്യമായ ചികിത്സയ്ക്ക് ശേഷം പിതാവിന് കൈമാറി. മതിയായ ചികിത്സയ്ക്ക് പുറമെ മാനസികാരോഗ്യ വിദഗ്ധരുടെ പരിചരണം കൂടി ലഭ്യമാക്കിയ ശേഷമാണ് കുഞ്ഞിനെ പിതാവിന് കൈമാറിയത്.

വിവാഹമോചിതയായ യുവതി മുൻഭർത്താവിനോടുള്ള വൈരാഗ്യം തീർക്കുന്നതിനായാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദിച്ച് വീഡിയോ പിതാവിന് അയച്ചു കൊടുത്തത്. ഈ ദൃശ്യങ്ങൾ വൈറലായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിനോട് ദേഷ്യപ്പെടുന്നതും അതിനെ കാലിൽ പിടിച്ച് സ്റ്റെപ്പിലൂടെ വലിച്ചിഴയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതി തന്നെ ചിത്രീകരിച്ച നാല് സെക്കൻഡ് മാത്രമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് പൊലീസ് ഇടപെടൽ.

അറസ്റ്റിലായ യുവതിയെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ലെന്നറിയിച്ച അധികൃതർ, കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ തടയാന്‍ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.