പ്രവാചക പാതയിൽ ജീവിതം ക്രമപ്പെടുത്തുക- ഖലീൽ തങ്ങൾ

കുവൈത്ത് സിറ്റി: മനുഷ്യജീവിതത്തിന്റെ സർവതലത്തെയും സ്പർശിക്കുന്ന  പാഠമാണ് പ്രവാചക അദ്ധ്യാപനങ്ങളെന്നും നബി സന്ദേശങ്ങൾക്കനുസൃതമായി വ്യക്തിജീവിതത്തെയും കുടുംബ, സാമൂഹിക ക്രമങ്ങളെയും ചിട്ടപ്പെടുത്തിയാൽ സമാധാനവും സുരക്ഷയും സാധ്യമാകുമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി പ്രസ്താവിച്ചു. ICF കുവൈത്ത് നാഷണൽ കമ്മിറ്റി  സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക സമൂഹം സ്വന്തം ഭൂതകാലത്തെ പറ്റി കൂടുതൽ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ചരിത്ര തമസ്കരണം വഴി സമുദായത്തിന്റെ അസ്തിത്വം തന്നെ നിരാകരിക്കുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം ഉണർത്തി.

മൻസൂരിയയിൽ ആയിരങ്ങൾ പങ്കെടുത്ത ഗ്രാൻഡ് മൗലിദ് വ്യത്യസ്തമായ പ്രകീർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു.  സയ്യിദ് ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. ICF ഇന്റർനാഷണൽ സെക്രട്ടറി അലവി സഖാഫി  ഉദ്ഘാടനം നിർവഹിച്ചു.  ശൈഖ് ഔസ് അല്‍ ശാഹീന്‍ ആശംസകൾ നേർന്നു സംസാരിച്ചു. സയ്യിദ് സൈതലവി തങ്ങൾ, അഹ്‌മദ്‌ കെ മാണിയൂർ, ഷുക്കൂർ മൗലവി , അബ്ദുൽ അസീസ് സഖാഫി, അഹ്‌മദ്‌ സഖാഫി കാവനൂർ എന്നിവർ സംബന്ധിച്ചു. നൗഷാദ് തലശ്ശേരി, സമീർ മുസ്‌ലിയാർ, സാലിഹ് കിഴക്കേതിൽ പരിപാടി നിയന്ത്രിച്ചു.

അബ്ദുല്ല വടകര സ്വാഗതവും അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.