മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ആശുപത്രി

ഡൽഹി: മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ട് വിചിത്ര ഉത്തരവിറക്കിയ ഡൽഹിയിലെ ആശുപത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് മലയാളി നഴ്സുമാർക്ക് മാത്രമാണ് ബാധകം. ഡൽഹിയിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിൻ്റെതാണ് വിവാദ സർക്കുലർ. ജോലിസമയത്ത് ഇവർ മാതൃഭാഷയിൽ സംസാരിക്കാൻ പാടില്ല മറിച്ച് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ വേണം സംസാരിക്കേണ്ടത് എന്ന് സർക്കുലറിൽ പറയുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നഴ്സുമാർക്ക് പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതിന് വിലക്കില്ല. ആയതിനാൽ തന്നെ സർക്കുലർ വിവേചനപരമായ ആണെന്ന് ചൂണ്ടിക്കാണിച്ച് ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രികളിലെ മലയാളി നഴ്‌സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ആരംഭിച്ചു. ട്വിറ്ററിൽ ക്യാമ്പയ്‌ൻ ശക്തമാക്കാനും തീരുമാനിച്ചു.

നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് ഉത്തരവിന് കാരണമെന്ന് മലയാളി നഴ്‌സുമാർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും ശശി തരൂർ എം പിയും രംഗത്തുവന്നു. ജോലിക്കിടെ മലയാളം സംസാരിക്കാൻ പടില്ലെന്ന് വ്യക്തമാക്കുന്ന സർക്കുലർ അത്ഭുതപ്പെടുത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ശശി തരൂർ പ്രതികരിച്ചത്.