രണ്ടാം ഡോസ് ഓക്സ്ഫോർഡ് വാക്സിൻ വിതരണം ഇന്നുമുതൽ

കുവൈത്ത് സിറ്റി: ഇന്നുമുതൽ അസ്ട്രസെനക്ക കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. മൂന്നാം ബാച്ച് ഓക്സ്ഫോർഡ് വാക്സിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനുള്ള പരിശോധനാ റിപ്പോർട്ടുകൾ നിർമാതാക്കൾ ഇന്നലെ ആരോഗ്യ മന്ത്രാലയത്തിന് നൽകിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ വാക്സിനുകൾ എത്തിയിരുന്നെങ്കിലും പരിശോധനാ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു.

ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ച് കുത്തിവെപ്പ് എടുക്കേണ്ട പ്രവാസികൾക്കും സ്വദേശികൾക്കും ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി കൊണ്ടുള്ള സന്ദേശങ്ങൾ അയക്കും എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഉപയോഗ അനുമതി ഇന്നലെ നൽകിയിരുന്നു. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് ഡ്രസ്സ് ആൻഡ് കൺട്രോൾ അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ അറിയിച്ചു. വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രാലയ സാങ്കേതിക സമിതി അവലോകനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ഈ ആഴ്ച ആദ്യമാണ്, കുവൈത്ത് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുമായി കൊറോണ വാക്സിൻ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പു വച്ചത് .