കുവൈത്ത് സിറ്റി: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജൂൺ 18 ന് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര യുവജന -കാര്യ മന്ത്രി കിരൺ റിജിജു ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. യോഗയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി ആയുഷ് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പും ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ചടങ്ങിൽ സിബി ജോർജ് ആമുഖപ്രസംഗം നടത്തി.
കോവിഡ് രണ്ടാം തരംഗ പ്രതിസന്ധിഘട്ടത്തിൽ അകമഴിഞ്ഞ പിന്തുണയാണ് കുവൈത്ത് ഇന്ത്യക്ക് നൽകിയത്. ഈ സഹായങ്ങൾക്ക് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ-ജാബർ അൽ-സബ, കിരീടാവകാശി ഷൈഖ് നവാഫ് അൽ അഹമ്മദ് അൽ-ജാബർ അൽ സബ ഉൾപ്പടെ ഏവരോടും നന്ദി രേഖപ്പെടുത്തുന്നതായി അംബാസിഡർ സിബി ജോർജ് പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള മാർഗങ്ങളിൽ സുപ്രധാനം വാക്സിനേഷൻ ആണ്. ലോകത്തിൻറെ ഫാർമസി എന്ന നിലയിൽ ഇന്ത്യ വാക്സിൻ ഉത്പാദനം വികസനം വിതരണം എന്നീ നിലകളിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് . ഇന്ത്യയിലെ കോവിഡ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും നമ്മൾ വീണ്ടെടുക്കലിന്റെ
പാതയിലാണെന്നും സിബി ജോർജ് പറഞ്ഞു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 3.4 ശതമാനത്തിൽ കുറവാണ്. അതേസമയം ഇതുവരെ 269 ദശലക്ഷം ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞതായും അംബാസഡർ വ്യക്തമാക്കി.
ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ട്. ഇവ കൈകാര്യം ചെയ്യുന്നതിനും നേരിടുന്നതിനും യോഗയേക്കാൾ മികച്ച പ്രതിവിധി മറ്റൊന്നില്ല. ലോകമെമ്പാടുമുള്ള ആളുകൾ സാമൂഹ്യ ഒറ്റപ്പെടലിനോടും വിഷാദത്തോടും പോരാടുന്നതിനും പുനരുജ്ജീവനത്തിനും യോഗയെ ആശ്രയിക്കുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പ്രകൃതിയുമായി സമന്വയിപ്പിച്ച്, ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥയിലും വിന്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യോഗ. സമ്പൂർണ്ണ ജീവിതം നയിക്കുന്നതിനുള്ള ഒരു മാർഗമാണിത് ഇന്നും അദ്ദേഹം പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രശസ്ത യോഗ ഗുരുക്കളിൽ നിന്ന് ലഭിച്ച സന്ദേശങ്ങളുടെ ഒരു ഹ്രസ്വ സമാഹാരം ചടങ്ങിൽ അവതരിപ്പിച്ചു.