ഇന്ത്യ -കുവൈത്ത് വിമാനസർവീസ് പുനരാരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ടിക്കറ്റ് വില വർധന മുന്നിൽകണ്ട് സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: ഐ എം സി സി ജിസിസി

0
6

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ ഇന്ത്യ – കുവൈത്ത് വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ വൻവർധന വരുത്താൻ സാധ്യതയുണ്ട്. നേരത്തെയും അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും സമാനതകളില്ലാത്ത നിരക്ക് വർധന വരുത്തി വിമാനകമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന് കത്തു നൽകി.

ഒന്നരവർഷത്തോളം നീണ്ട യാത്ര നിരോധനത്തിന് ശേഷം ആണ് കുവൈത്ത് സർക്കാർ പ്രവാസികൾക്ക് പ്രവേശനാനുമതി നൽകുന്നത്.കോവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിച്ചതും നിയമസാധുതയുള്ള റസിഡൻസി കൈവശമുള്ളവരുമായവർക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി. യാത്ര നിയന്ത്രണങ്ങളെ തുടർന്ന് സ്വദേശങ്ങളിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഇത് തുണയാവുക. നീണ്ട ഇക്കാലയളവ് മുഴുവൻ തൊഴിൽരഹിതരായി നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിലെ വർധനവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഈ വിഷയങ്ങൾ പരിഗണിക്കണമെന്നും, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനായി നിയന്ത്രണം കൊണ്ടുവരണം എന്നുമാണ് സർക്കാർ കത്തിലൂടെ ആവശ്യപ്പെടുന്നത്. അതോടൊപ്പം ഓഗസ്റ്റ് ഒന്നിന് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി, പ്രവാസികൾക്ക് അ പ്രത്യേക മുൻഗണന നൽകണമെന്നും കത്തിൽ ആവശ്യമുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും ഐ എം സി സി ജിസിസി ചെയർമാൻ കത്ത് നൽകിയിട്ടുണ്ട്.