കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് വിൽക്കണ്ട: ട്രാവൽ ഏജൻസികൾക്ക് നിർദേശവുമായി കുവൈറ്റ് DGCA

കുവൈറ്റ്: മാർക്കറ്റ് നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വിൽക്കരുതെന്ന നിർദേശവുമായി കുവൈറ്റ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ആൻഡ് ടൂറിസം ഏജന്റുമാർക്കും ഉദ്യോഗസ്ഥന്‍മാർക്കും സർക്കുലറും അയച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

എയർലൈന്‍ കമ്പനികളുടെ സമ്മതമോ അംഗീകാരമോ കൂടാതെ വിമാനടിക്കറ്റുകൾ മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ട്രാവൽ ഏജൻസികൾ വഴി വിതരണം ചെയ്യപ്പെടുന്നുവെന്ന് പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് DGCA ഇടപെടൽ. തങ്ങളുടെ സമ്മതം കൂടാതെയുള്ള കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വിൽപ്പന ബാധ്യത വരുത്തി വയ്ക്കുന്നുവെന്നാണ് എയർലൈനുകളുടെ വാദം.