കയ്യിലുള്ളത് വ്യാജബിരുദം; ഒന്നല്ല മൂന്നെണ്ണം: കുവൈറ്റിൽ അധ്യാപികയ്ക്കെതിരെ നിയമ നടപടി

0
8

കുവൈറ്റ്: വ്യാജബിരുദങ്ങൾ കാട്ടി അധ്യാപികയായി ജോലി ചെയ്തു വന്നിരുന്ന സ്ത്രീക്കെതിരെ കുവൈറ്റിൽ നിയമ നടപടികൾ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഇവർ ഒന്നും രണ്ട‌ുമല്ല മൂന്ന് വ്യാജ ബിരുദമാണ് നേടിയത്. ഒരു അറബ് രാജ്യത്ത് നിന്ന് നേടിയെടുത്തതെന്ന വ്യാജെനയാണ് ഇവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

ജോലി നേടിയെടുക്കാനും തുടർന്നുള്ള സ്ഥാനക്കയറ്റങ്ങൾക്കും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾക്കുമായാണ് ഇവർ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയത്. 2005ല്‍ സമ്പാദിച്ചതെന്ന പേരില്‍ ഹാജരാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം, 2008ലെ സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദം, 2013ലെ പി.എച്ച്.ഡി ബിരുദം എന്നിവയാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.

എല്ലാം വ്യാജമാണെന്ന് തെളിഞ്ഞതോടെ ബിരുദങ്ങൾ റദ്ദു ചെയ്യാനും ഇവരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ നിർത്തലാക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വ്യാജ അധ്യാപികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിവില്‍ സര്‍വീസ് കമ്മീഷനും ഔദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.