തിരുവനന്തപുരം: രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 19 ആയി ഉയർന്നു. വിദേശത്തു നിന്നെത്തിയ തൃശ്ശൂർ, കണ്ണൂർ സ്വദേശികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും ഖത്തറിൽ നിന്നുമാണിവർ എത്തിയത്. ഇന്ന് തലസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണമാണ് 19. ഇതിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളാണ് ആശുപത്രി വിട്ടത്.
നിലവിൽ 4180 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 3910 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. വിവിധ ആശുപത്രികളിലായി 270 പേരും.