സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി

arif muhammed khan

കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി.വിഷയത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്നു കോടതി. സിസാ തോമസിനു ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനം ചോദ്യംചെയ്യാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി സ്വീകരിച്ചത്.

സാങ്കേതിക സർവ്വകലാശാല വി.സി യുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ നിയമപരമായി പ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് മറുപടി നൽകാൻ ഗവർണർ സാവകാശം തേടി.

കേസുമായി ബന്ധപ്പെട്ട യുജിസിയടക്കമുള്ള എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.