ന്യൂഡൽഹി:കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ കരാർ ഏറ്റെടുത്ത നിർമാണ കമ്പനിക്ക് വലിയ വീഴ്ചകളുണ്ടായിരുന്നുവെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. മണ്ണ് പരിശോധന ഫലപ്രദമായി നടന്നിരുന്നില്ലെന്നും ഡിസൈനിൽ പല തലങ്ങളിൽ പിഴവുകൾ ഉണ്ടായിരുന്നുവെന്നും കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മതിയായ സാങ്കേതിക പരിശോധന നടന്നിരുന്നില്ലെന്നും മറ്റ് ഭാഗങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തകർന്ന ഭാഗം പൂർണ്ണമായും പുനർനിർമ്മിക്കണമെന്നും ഒരു കിലോമീറ്റർ വരെയുള്ള റോഡ് പുതുക്കിപ്പണിയണമെന്നും സമിതി ശുപാർശ ചെയ്തിരിക്കുന്നു.
ഇതിനിടയിൽ, കൂരിയാട് ദേശീയപാതയുടെ മറ്റൊരു ഭാഗം ഇന്ന് വീണ്ടും തകർന്നു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി താഴ്ന്ന് സർവീസ് റോഡിലേക്ക് വീണതോടെ സർവീസ് റോഡിന്റെ ഭാഗങ്ങളും തകർന്നു. മുമ്പ് അപകടം സംഭവിച്ച സ്ഥലത്തിനടുത്താണ് ഇത്തവണയും തകർച്ച നടന്നത്.
കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെയുള്ള റിപ്പോർട്ടിൽ കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻ്റ പ്രവർത്തനത്തിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. നിർമ്മാണത്തിന് മുമ്പ് മണ്ണിന്റെ സ്ഥിരത പരിശോധിക്കാതിരുന്നതും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചതുമാണ് പ്രധാന പിഴവുകൾ. ഐഐടിയിലെ മുൻ പ്രൊഫസർ ഉൾപ്പെടെയുള്ള മൂന്നംഗ വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനം. ഇതിനെ തുടർന്ന് കെഎൻആർ കൺസ്ട്രക്ഷനെയും കൺസൾട്ടന്റ് കമ്പനിയായ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സിനെയും ഡീബാർ ചെയ്തിരുന്നു.
ഇതിനൊപ്പം, തൃശൂർ ചാവക്കാട്, കാസർഗോഡ് മാവുങ്കൽ, കണ്ണൂർ തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ ദേശീയപാതകളിലും വിള്ളലുകളും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ മണത്തല പ്രദേശത്ത് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കെ മേല്പ്പാലത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. കാസർഗോഡ് മാവുങ്കലിൽ ദേശീയപാതയ്ക്ക് സമീപം വിള്ളലും കണ്ണൂരിൽ തളിപ്പറമ്പ് കുപ്പത്തിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു .































