മലപ്പുറം:നിലമ്പൂർ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ NDAയുടെ സ്ഥാനാർത്ഥി ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേശീയ നേതാവ് തുഷാർ വെള്ളാപള്ളിയും ചേർന്നാണ് പ്രഖ്യാപനം നടത്തുന്നത്. ഇതിനായി തിരുവനന്തപുരത്ത് NDA യോഗം ചേർന്നു.ഇന്നലെ BJP സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ എത്തി സഖ്യകക്ഷി BDJS നേതാക്കളുമായി ചർച്ച നടത്തി. BDJS മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാട്ടിനെ NDA സ്ഥാനാർത്ഥിയായി പരിഗണിക്കാനുള്ള സാധ്യത ഉണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ NDA മത്സരിക്കേണ്ടതില്ലെന്ന BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ വ്യക്തമാക്കിയതോടെ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന് ഏഴുമാസം മാത്രം ബാക്കിയുണ്ടാകുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും സ്ഥാനാർത്ഥിയെ മുന്നോട്ട് വയ്ക്കുന്നത് ഫലപ്രദമല്ലെന്നും അദ്ദേഹം വാദിച്ചു.
ന്യൂനപക്ഷ സ്വാധീനം ഉള്ള നിലമ്പൂർ പോലുള്ള മണ്ഡലത്തിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ ലാഭമില്ലെന്നും, പ്രചാരണച്ചെലവ് വെറും നഷ്ടമാകുമെന്നും രാജീവ് ചന്ദ്രശേഖർ വിലയിരുത്തി.
എന്നാൽ, സംസ്ഥാന അധ്യക്ഷന്റെ ഈ നിലപാടിനെ ഒരു വിഭാഗം നേതാക്കൾ എതിർത്തു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുന്നത് BJPയ്ക്ക് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ഈ പശ്ചാത്തലത്തിൽ തീരുമാനിക്കപ്പെട്ട NDA സ്ഥാനാർത്ഥി പ്രഖ്യാപനം ശ്രദ്ധിക്കപ്പെടുന്നു.































