ആർട്ടിസ്റ്റ്‌ കേശവൻ സ്മാരക പുരസ്കാരങ്ങൾ ബാബുജി ബത്തേരി, മീനമ്പലം സന്തോഷ്‌, അൻസാർ ഇബ്രാഹിം എന്നിവർക്ക്

0
100

കുവൈറ്റ്‌ സിറ്റി: നാടകരംഗത്ത്‌ സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾ‌ക്ക് എല്ലാ വർഷവും നൽകുന്ന ആർട്ടിസ്റ്റ്‌ കേശവൻ സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. നാടക രചയിതാവും സംവിധായകനും സാമൂഹ്യപ്രവർത്തകനും കുവൈത്ത്‌ പ്രവാസികൾക്കിടയിലെ നിറസാനിധ്യവുമായ ബാബുജി ബത്തേരി, നാടകനടനും സംവിധായകനും ഗ്രന്ഥകാരനുമായ മീനമ്പലം സന്തോഷ്‌, നാടക സംവിധായകനും അധ്യാപകനും ആയ അൻസാർ ഇബ്രാഹിം എന്നിവർ ഈ വർഷത്തെ പുരസ്കാര ജേതാക്കളായി.

25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ 22നു കോട്ടയം കെ.പി. എസ്‌. മേനോൻ ഹാളിൽ നടക്കുന്ന ആത്മസിംഫണി വേദിയിൽ വച്ച്‌ സഹകരണ-തുറമുഖ-രെജിസ്റ്റ്രേഷൻ വകുപ്പ്‌ മന്ത്രി വി.എൻ വാസവൻ ജേതാക്കൾക്ക്‌ സമർപ്പിക്കും. തുടർന്ന് കൈതപ്രത്തിന്റെ രചനയിൽ, സംഗീത സംവിധായകർ ഈണം നൽകിയ ഗാനങ്ങളുമായ്‌ കൈതപ്രം സംഗീത നിശയുമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. നീതിമാന്റെ സിംഹാസനം, ഒരു വടക്കൻ വീരഗാഥ, സാന്റാ ദി റീഡൈമർ, ഒഥല്ലോ, മാക്‌ബത്ത്‌ തുടങ്ങി ഒരുപാട്‌ നാടകങ്ങളും തനിമ കുവൈത്തിന്റെ സംഘാടകൻ എന്ന നിലയിൽ മെഗാ പ്രോഗ്രാമുകളും സാമൂഹ്യപരിപാടികളും സേവനപ്രവർത്തനങ്ങളും ബാബുജി ബത്തേരിയിലൂടെ പ്രവാസികൾക്ക്‌ ലഭ്യമായിട്ടുണ്ട്‌.