മെട്രോ മെഡിക്കൽ ഇന്റർനാഷണൽ ഗ്രൂപ്പ് പുതിയ ചുവടുവെപ്പുമായി കേരളത്തിൽ ടൂറിസം മേഖലയിലേക്ക്

0
20

കുവൈറ്റ് സിറ്റി : കുവൈറ്റിലും യുഎഇയിലും ആരോഗ്യരംഗത്ത് വിശ്വാസ്യതയും സേവനമികവും കൊണ്ട് ശ്രദ്ധേയമായ സ്ഥാനം നേടിയ മെട്രോ മെഡിക്കൽ ഇന്റർനാഷണൽ ഗ്രൂപ്പ് ഇന്ത്യയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള ആദ്യ സംരംഭമായി കൊച്ചിയിൽ ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ എന്ന പ്രീമിയം 4+ സ്റ്റാർ ഹോട്ടൽ ആരംഭിച്ചു. എറണാകുളം ലിസ്സി ജംഗ്ഷൻ, എസ്.ആർ.എം റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹോട്ടൽ ഫെബ്രുവരി 9-ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. മത,സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റിലും യുഎഇയിലും ആരോഗ്യരംഗത്ത് ജനങ്ങൾ നൽകിയ വിശ്വാസമാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്ന വിശ്വാസമാണ് ഇന്ത്യയിലെ ടൂറിസം മേഖലയിലേക്ക് കടക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചതെന്നും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ വികസനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തങ്ങൾക്ക് സന്തോഷവും അഭിമാനവും നൽകുന്നതാണെന്നും ചടങ്ങിൽ സംസാരിച്ച മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു.കേരള സർക്കാരിന്റെ വികസന ദർശനവും മാറിവരുന്ന കേരള ജനതയുടെ പുരോഗമന മനോഭാവവും കേരളത്തിൽ ടൂറിസം മേഖലയിലേക്കുള്ള കൂടുതൽ നിക്ഷേപങ്ങൾക്കും മുതൽമുടക്കിനും അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീരപ്രദേശങ്ങളിലും നഗരമേഖലകളിലും പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിച്ച് കൂടുതൽ സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും, അതിന്റെ ഭാഗമായി ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’-ന്റെ രണ്ടാം ശാഖ ഉടൻ കോഴിക്കോടും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പൊതുപരിപാടിയിൽ മുൻ ഗോവ ഗവർണറായ അഡ്വ. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലുള്ള ഉപദേശനിർദേശം ഈ ചുവടുവെപ്പിൽ ഏറെ ഗുണകരമായി.ആരോഗ്യരംഗത്ത് ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും പ്രചോദനമായി എടുത്ത് രാജ്യത്തിന്റെ നിയമങ്ങളും നിബന്ധനകളും പാലിച്ച് ലോകോത്തര നിലവാരവും ഗുണമേന്മയും ഉറപ്പാക്കി ഈ സംരംഭത്തെ കേരളത്തിന്റെ അഭിമാന സ്ഥാപനങ്ങളിലൊന്നാക്കാൻ ശ്രമിക്കുമെന്നും പൊതുപരിപാടിയിൽ മുസ്‌തഫാ ഹംസ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ പ്രമുഖ എം.പിമാരും എം.എൽ.എമാരും, കൊച്ചി മേയറും ,ഡെപ്യൂട്ടി മേയറും ,മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ആരോഗ്യരംഗത്ത് ലഭിച്ച ജനവിശ്വാസം തന്നെയാണ് ഈ പുതിയ സംരംഭത്തിന്റെ അടിത്തറയെന്ന് അവർ അഭിപ്രായപ്പെട്ടു.ആധുനിക ആർക്കിടെക്ചർ ശൈലിയിൽ നിർമ്മിച്ച ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ വിശാലവും സുന്ദരവുമായ മുറികൾ, ഹൈടെക് കോൺഫറൻസ് ഹാളുകൾ, ബാൻക്വറ്റ് സൗകര്യങ്ങൾ, ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റ്, സ്വിമ്മിംഗ് പൂൾ, വിപുലമായ പാർക്കിംഗ് സൗകര്യം എന്നിവയോടെ സജ്ജീകരിച്ചിരിക്കുന്നു.കൂടാതെ വിവാഹങ്ങൾക്കും മറ്റ് പ്രത്യേക ചടങ്ങുകൾക്കുമായി സൗകര്യപ്രദമായ മണ്ഡപവും ഇവിടെ ലഭ്യമാണ്.ബിസിനസ് യാത്രികർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊച്ചിയുടെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്ഥാനം ഹോട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ചടങ്ങിൽ കോണ്ടിനെന്റൽ ഇൻ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി.യു. സിദ്ദിഖ്, വി.യു. നാസർ, ഡോ. റഷീക് അഹമ്മദ്, ഡോ. റംഷാദ് റഹീം എന്നിവർ വിവിധ വിഭാഗങ്ങളുടെ ചുമതലകൾ വ്യക്തമായി നിർവചിച്ച് ജീവനക്കാർക്ക് മികച്ച സേവനനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. മെട്രോ മാനേജ്മെന്റ് പാർട്ണേഴ്സായ ഡോ. ബിജി ബഷീർ, പി കെ ഇബ്രാഹിംകുട്ടി എന്നിവർ ഉൾപ്പെടെ ഡോ. രസ്ന മുനൈഫ , ഡോ. റിഫ മുഫൈറ എന്നിവർ നേതൃത്വം നൽകി.മെട്രോ ഇന്റർനാഷണലിന്റെ ഓഫീസ് കോർഡിനേഷൻ സെക്രട്ടറി ജോയ്സ് ജോർജ് ഉദ്ഘാടനച്ചടങ്ങ് ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും കാര്യക്ഷമമായി ഏകോപിപ്പിച്ച്, ക്രമബദ്ധവും വിജയകരവുമായ നടത്തിപ്പിന് നേതൃത്വം നൽകി. കേരളത്തിലും കുവൈറ്റിലും യുഎഇയിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള മെട്രോ ഗ്രൂപ്പിന്റെ ഉയർന്ന തലത്തിലുള്ള മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിലും തുടർന്ന് നടന്ന പരിപാടികളിലും പങ്കെടുത്ത മന്ത്രിമാർക്കും എം.എൽ.എമാർക്കും മറ്റു എല്ലാ വിശിഷ്ടാതിഥികൾക്കും മെട്രോ ഇന്റർനാഷണലിന്റെ കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫയ്സൽ ഹംസ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഇതോടൊപ്പം, ഈ മഹത്തായ സംരംഭത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച മാനേജ്മെന്റ് ടീം, സംഘാടക സമിതി അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, സാങ്കേതിക വിഭാഗം, മീഡിയ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവരുടെ ആത്മാർത്ഥ പരിശ്രമവും സമർപ്പണവും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യരംഗത്ത് വിജയകരമായ സേവനയാത്രയ്ക്ക് പിന്നാലെ ടൂറിസം മേഖലയിലേക്കുള്ള ഈ വിപുലീകരണം മെട്രോ ഗ്രൂപ്പിന്റെ വളർച്ചയുടെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു. സേവനമികവും വിശ്വാസ്യതയും കൈമുതലാക്കി ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ കൊച്ചിയുടെ ഹൃദയഭാഗത്ത് ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്.