കുവൈത്ത് സിറ്റി : കേഫാക് സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്‌സി ചാപ്യൻസ് എഫ്‌സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സിൽവർസ്റ്റാർ എഫ് സി ഫൈനലിൽ കടന്നു. സിൽവർ സ്റ്റാർസ് എഫ്‌സിക്ക് വേണ്ടി അനസ് ,വസീം എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ മുനീര്‍ ഒരു ഗോൾ നേടി. തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ രണ്ടാം സെമി ഫൈനലില്‍ ചാമ്പ്യൻസ് എഫ് സി യങ് ഷൂട്ടേർസ് അബ്ബാസിയയെ ഒരു ഗോളിന് പരാജയപ്പെടുത്തി. തുടര്‍ച്ചയായ മുന്നാം തവണയാണ് ചാമ്പ്യൻസ് എഫ് സി സോക്കര്‍ ലീഗ് ഫൈനലില്‍ എത്തുന്നത്. ആക്രമണ ഫുട്ബോളിന്‍റെ വശ്യത മുഴുവന്‍ ആവാഹിച്ച കളിയില്‍ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് ചാമ്പ്യൻസ് എഫ് സി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുക്കണക്കിന് ഫുട്ബോള്‍ പ്രേമികളാണ് മത്സരങ്ങള്‍ കാണുവാന്‍ മിശ്രിഫ് സ്റ്റേഡിയത്തില്‍ എത്തിയത്.

പഴയകാല ഫുട്ബാൾ താരങ്ങൾ അണിനിരന്ന മാസ്റ്റേഴ്സ് ലീഗ് സെമി ഫൈനലും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് വേദിയായത്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബിഗ്‌ബോയ്സ് എഫ് സി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയിൽ സിദ്ദിഖ് നേടിയ ഗോളിലാണ് ബിഗ്‌ബോയ്സിന്റെ വിജയം സ്വന്തമാക്കിയത്. രണ്ടാം സെമി ഫൈനലിൽ മാക് കുവൈറ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രദേഴ്‌സ് കേരളയെ പരാജയപ്പെടുത്തി . ഷിഹാബാണ് രണ്ട് ഗോളുകളും നേടിയത്. വെള്ളിയാഴ്ച നടക്കുന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ മാക് കുവൈറ്റ് ബിഗ്‌ബോയ്സ് എഫ്‌സിയേയും സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്‌സി ചാപ്യൻസ് എഫ്‌സിയേയും നേരിടും.

































