ദേശീയദിനത്തിൽ പൊതുമാപ്പുമായി കുവൈത്ത്‌ അമീർ; പ്രവാസികൾ ഉൾപ്പെടെ 539 തടവുകാരെ മോചിപ്പിക്കും

0
29

കുവൈത്ത് സിറ്റി : ദേശീയദിനത്തിന്റെ അഭിമാന നിമിഷങ്ങളെ കരുണയുടെ സന്ദേശവുമായി ചേർത്ത്‌ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിക്കാൻ കുവൈത്ത്‌ അമീർ ഷെയ്ഖ് മിഷാൽ അൽ -അഹമദ് അൽ- ജാബർ അൽ- സബാഹ്‌. നിയമപരമായി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ച തടവുകാർക്കാണ് പ്രത്യേക ആനുകൂല്യം ബാധകമാകുന്നത്. സമൂഹത്തിലേക്ക് ഉത്തരവാദിത്വത്തോടെ മടങ്ങിവരാനുള്ള അവസരം ഒരുക്കുന്ന മനുഷ്യസ്നേഹ നടപടിയായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.

പൊതുമാപ്പ് ലഭിക്കുന്നവരിൽ ചിലരെ ഉടൻ മോചിപ്പിക്കും. മറ്റു ചിലർക്ക്‌ ശിക്ഷാവിധിയിൽ ഭാഗിക ഇളവ് അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കേസുകളുടെ സ്വഭാവം, ശിക്ഷാവിധിയുടെ കാലാവധി, തടവുകാരുടെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഇതിനായുള്ള നടപടികൾ സ്പെഷ്യൽ സെക്യൂരിറ്റി ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗം ആരംഭിച്ചു.

തടവുകാർക്ക് സമൂഹത്തിൽ നിയമാനുസൃതമായ പുതിയ ജീവിതം ആരംഭിക്കാൻ അവസരം ഒരുക്കുന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം. പുനരധിവാസത്തിനും സാമൂഹിക പുനഃസംയോജനത്തിനും ഊന്നൽ നൽകുന്ന നടപടി അവരുടെ കുടുംബങ്ങൾക്കും ആശ്വാസമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.