കുവൈത്ത് സിറ്റി: കുവൈത്തിലെ മീന അൽ-അഹ്മദി റിഫൈനറി ഡ്രോൺ ആക്രമണത്തിന് ഇരയായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തമുണ്ടായതായി അധികൃതർ വ്യക്തമാക്കി. അടിയന്തര പ്രതികരണ പദ്ധതികൾ ഉടൻ സജ്ജമാക്കിയതായും അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കാനും സമീപ സൗകര്യങ്ങളിലേക്ക് പടരുന്നത് തടയാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോർപ്പറേഷൻ അറിയിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥാപനങ്ങൾ സംരക്ഷിക്കാനുമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.































