അഹ്മദി ഗവർണറേറ്റിൽ അനധികൃത തെരുവ് വ്യാപാരികൾക്കെതിരെ നടപടി; 8 പേർ അറസ്റ്റിൽ

0
8

കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഫഹാഹീൽ, മഹ്ബൂല പ്രദേശങ്ങളിൽ അനധികൃത തെരുവ് വ്യാപാരികൾക്കെതിരെ നടത്തിയ പരിശോധനയിൽ 8 പേർ അറസ്റ്റിലായി. മെയ് 1 വെള്ളിയാഴ്ച നടത്തിയ സുരക്ഷാ-പരിശോധനാ ക്യാമ്പെയ്‌നിലാണ് നടപടി. ലൈസൻസില്ലാതെ അനധികൃത സ്റ്റാളുകൾ സ്ഥാപിച്ച് വ്യാപാരം നടത്തിയവരെയാണ് പിടികൂടിയത്. പുകയില ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തു.

അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത സ്റ്റാളുകൾ നീക്കം ചെയ്യുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരണം തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾക്ക് എതിരായി കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.