കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി വിവിധ കേസുകളിൽ ആറുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.
പ്രതികളിൽ നിന്ന് 1,700 ലിറിക്ക ക്യാപ്സ്യൂളുകൾ, 3 ഗ്രാം ഷാബു, 500 ഗ്രാം ഹഷീഷ്, 400 മില്ലി കെമിക്കൽ ഓയിൽ, 50 ഗ്രാം കൊക്കെയിൻ, 30 ഗ്രാം മറ്റ് രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ കെമിക്കൽ ഓയിൽ അടങ്ങിയ ഇലക്ട്രോണിക് ഷീഷയും വിതരണം ചെയ്യാനൊരുക്കിയ പാക്കറ്റുകളും പിടിച്ചെടുത്തു.
പിടിയിലായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ രാജ്യത്തുടനീളം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും യുവാക്കളുടെ ഭാവിയ്ക്കും ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ അടിച്ചമർത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.































