‘വാഫിദ്’ പദ്ധതി പ്രകാരം പ്രവാസികളുടെ മെഡിക്കൽ പരിശോധനാ ചട്ടങ്ങളിൽ മാറ്റം

0
13

കുവൈത്ത് സിറ്റി: പ്രവാസികളുടെ മെഡിക്കൽ പരിശോധനാ സംവിധാനമായ ‘വാഫിദ്’ പദ്ധതിയുടെ പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി നടപ്പാക്കി. ജിസിസി ആരോഗ്യ മന്ത്രിമാരുടെ കൗൺസിൽ പുറത്തിറക്കിയ പുതിയ ചട്ടങ്ങളാണ് പ്രാബല്യത്തിൽ വന്നത്.

പ്രവാസികളുടെ മെഡിക്കൽ പരിശോധനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും പൊതുജനാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. 54 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന പുതിയ ചട്ടങ്ങളിൽ മെഡിക്കൽ പരിശോധനാ നടപടികളുടെ വേഗതയും കൃത്യതയും വർധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഇലക്ട്രോണിക് ബന്ധം ശക്തമാക്കുന്നതും ഉൾപ്പെടുന്നു.

ലബോറട്ടറി പരിശോധനകൾ, എക്‌സ്-റേ, ക്ലിനിക്കൽ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയിൽ പുതുക്കലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളുടെ അംഗീകാരം, വിലയിരുത്തൽ എന്നിവയ്ക്കും കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പുള്ള മുൻകരുതൽ നടപടിയായാണ് ഈ പരിപാടി നടപ്പിലാക്കിയിരിക്കുന്നത്. പ്രവാസികൾ കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ആരോഗ്യ ക്ഷമത പരിശോധിക്കും. എത്തിച്ചേർന്നതിനുശേഷം, നടപ്പിലാക്കിയ ആരോഗ്യ നടപടികൾക്കനുസൃതമായി രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങൾ വഴി മെഡിക്കൽ പരിശോധനകൾ വീണ്ടും നടത്തും.