ടെർമിനൽ T2 പൂർത്തിയാക്കാൻ ടർക്കിഷ് കമ്പനിയായ ലിമാക്കുമായി കുവൈത്ത് കരാർ ഒപ്പുവെച്ചു

0
17

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ
ടെർമിനൽ (T2) പദ്ധതിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ടർക്കിഷ് കമ്പനിയായ ലിമാക്കുമായി മൂന്ന് സർക്കാർ ഏജൻസികൾ കരാർ ഒപ്പുവച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്. രാജ്യത്തിന്റെ പ്രധാന വികസന പദ്ധതികളിൽ ഒന്നായ T2 ടെർമിനൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുവൈത്തിന്റെ വ്യോമയാന മേഖലയെ ആധുനികവത്കരിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനുള്ള പ്രധാന പദ്ധതിയായാണ് T2 ടെർമിനൽ കണക്കാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഗണ്യമായി ഉയരും.

ചടങ്ങിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബ, പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ, അമീരി ദിവാൻ അണ്ടർസെക്രട്ടറി ഷെയ്ഖ് അബ്ദുൽ അസീസ് അൽ-മഷാൽ അൽ-സബ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, പദ്ധതി പങ്കാളികൾ എന്നിവർ പങ്കെടുത്തു.

യാത്രക്കാരുടെ സേവനങ്ങളും യാത്രാനുഭവവും മെച്ചപ്പെടുന്നതിനൊപ്പം കാർഗോ-ലോജിസ്റ്റിക്‌സ് സേവനങ്ങളും ശക്തിപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാപാരം, വിനോദസഞ്ചാരം, നിക്ഷേപം എന്നിവയ്ക്കും പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.കുവൈത്തിനെ പ്രാദേശിക വ്യോമഗതാഗത-ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി സഹായകരമാകുമെന്നും വിദേശ നിക്ഷേപവും തൊഴിൽ അവസരങ്ങളും വർധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.