കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽ പക്) വനിതാ വിഭാഗമായ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ‘Parenting with a Smile’ എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ പ്രശസ്ത പാരന്റിംഗ് ആൻഡ് ലൈഫ് കോച്ച് അമൃത കെ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വാശികൾ, ഡിജിറ്റൽ അഡിക്ഷൻ, കൗമാരപ്രായത്തിലെ ശാരീരിക-മാനസിക മാറ്റങ്ങൾ എന്നിവയെ എങ്ങനെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും നേരിടാം എന്നും കുട്ടികളുടെ career development ൽ മാതാപിതാക്കളുടെ പങ്കിനെ കുറിച്ചും അമൃത കെ. ഫ്രാൻസിസ് വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ അധികം മാതാപിതാക്കൾ ഗൂഗിൾ മീറ്റ് വഴി നടന്ന ഈ പരിപാടിയിൽ പങ്കെടുത്തു.
പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വനിതാവേദി ജനറൽ കൺവീനർ ദൃശ്യ പ്രസാദ് സ്വാഗതം ആശംസിച്ചു. വനിതാവേദിയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ജനറൽ കൺവീനർ എടുത്തു പറഞ്ഞു. ചടങ്ങിൽ അൽ മുള്ള എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിവ ഗണേഷ് ആശംസകളർപ്പിച്ചു സംസാരിച്ചു. വനിതാവേദി ഏരിയ കൺവീനർ സിന്ധു സുനിൽ മോഡറേറ്റർ ആയി ഏകോപിപ്പിച്ച ചോദ്യോത്തരവേളയും വർക്ക്‌ഷോപ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. മാതാപിതാക്കളുടെ സംശയങ്ങൾക്ക് പരിശീലക മറുപടി നൽകിയതോടെ സെഷൻ കൂടുതൽ വിജ്ഞാനപ്രദമായി. പരിപാടിയുടെ അവസാനം വനിതാവേദി ഏരിയ കൺവീനർ ലതിക ശശികുമാർ നന്ദി രേഖപ്പെടുത്തി.

































