കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അംഗങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരുക്കിയ പുതിയ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ റീലോഞ്ചിംഗ് മംഗഫ് കല സെന്ററിൽ നടന്നു. കല കുവൈറ്റിൽ അംഗങ്ങൾക്ക് തങ്ങളുടെ അംഗത്വ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമായി ബന്ധപ്പെടാനും സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്. ലോക കേരളസഭ അംഗവും കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനുമായ ജെ. സജി പുതിയ ഐഡിയുടെ റീലോഞ്ചിംഗ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പ്രവീൺ നന്ദി രേഖപ്പെടുത്തി.

































