വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വിൽപ്പന: പ്രവാസി സംഘം പിടിയിൽ

0
20

കുവൈറ്റ്: രാജ്യത്ത് വ്യാജ ലൈസൻസ് വിൽപ്പന നടത്തി വന്നിരുന്ന പ്രവാസി സംഘം പിടിയിൽ. കഴിഞ്ഞ ദിവസം വ്യാജ ലൈസൻസുമായി ഒരു അറബ് പൗരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതലിൽ നിന്ന് വ്യാജ ലൈസൻസ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഏഷ്യൻ വംശജരായ ഇവർ വൈകാതെ തന്നെ പിടിയിലാവുകയായിരുന്നു. 400 ദിനാർ വരെ ഈടാക്കിയായിരുന്നു ലൈസൻസ് ഇവർ നല്‍കി വന്നിരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ തുടരന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

ഇവരിൽ നിന്ന് ലൈസൻസ് നേടിയ ആളുകൾക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തിയാൽ നാടുകടത്താനും നീക്കമുണ്ട്. ജനറൽ ട്രാഫിക് വകുപ്പിലെ ആർക്കെങ്കിലും ഈ വ്യാജലൈസൻസ് സംഘവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അവർക്ക് കടുത്ത നടപടികൾ തന്നെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അജ്ഞാതനായ ഏതോ വ്യക്തി നൽകിയ രഹസ്യ വിവരമാണ് രാജ്യത്തെ വ്യാജ ലൈസൻസ് തട്ടിപ്പ് പൊളിക്കാൻ വഴിയൊരുക്കിയത്. വ്യാജ ലൈസൻസുമായി പൊലീസ് പിടിയിലായ അറബ് പൗരനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാളാണ് രഹസ്യ അന്വേഷണ വിഭാഗത്തിന് നല്‍കിയതെന്നാണ് സൂചന. ലൈസൻസ് ലഭിക്കുന്നതിനുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും ഒന്നും പാലിക്കാതെയാണ് അറബ് പൗരന് ലൈസൻസ് ലഭിച്ചിരിക്കുന്നതെന്നും ട്രാഫിക് വകുപ്പിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ പോലും ഈ ലൈസന്‍സ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള വിവരമാണ് ഇയാൾ നൽകിയത്.