രാജ്യം കൊറോണ വൈറസ് മുക്തം: സ്ഥിരീകരിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

‌കുവൈറ്റ്: രാജ്യം കൊറോണ വൈറസ് മുക്തമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഈ നിമിഷം വരെ ഒറ്റ കൊറോണ വൈറസ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. വൈറസിനെ രാജ്യത്തു നിന്ന് അകറ്റി നിർത്താനുള്ള എല്ലാ മുൻകരുതലുകൾ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ.അബ്ദുള്ള അൽ സനദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്ത് വൈറസ് പരക്കുന്നത് തടയാൻ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിവ്‍ എല്ലാ വകുപ്പുകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ വുഹാനിൽ ഉദ്ഭവിച്ച കൊറോണ വൈറസ് നൂറുകണക്കിന് ആളുകളുടെ ജീവനാണെടുത്തത്. അതിവേഗം വ്യാപിക്കുന്ന ഈ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എല്ലാ രാജ്യങ്ങളും പ്രതിരോധ മുൻകരുതലുകൾ ശക്തിപ്പെടുത്തിയിരുന്നു.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യുഎഇയിലാണ് കൊറോണ വൈറസ് കേസ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ ഗൾഫ് രാജ്യങ്ങൾ കൂടുതൽ ജാഗ്രതയിലാണ്.