യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിൽ വിജയാഘോഷം നടത്തി ഇൻകാസ് കുവൈറ്റ്

0
34

കുവൈറ്റ് സിറ്റി : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദത്തിൽ ഇൻകാസ് കുവൈറ്റ് അബ്ബാസിയയിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു. പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റ ചരിത്രമുഹൂർത്തം നിരവധി പ്രവാസി പ്രവർത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് കൊണ്ടാടിയത്. മധുരപലഹാരങ്ങളും ത്രിവർണ്ണ കേക്കും വിതരണം ചെയ്ത് പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

പുതിയ ജനകീയ ഭരണകൂടം കേരളത്തിന്റെ വികസനത്തിലും പ്രവാസി ക്ഷേമത്തിലും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസം, അനിയന്ത്രിതമായ വിമാനക്കൂലി വർദ്ധനവ് തുടങ്ങിയ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതിയ യു.ഡി.എഫ് സർക്കാരിന് പ്രവാസലോകത്തുനിന്നും എല്ലാവിധ പിന്തുണയും ഇൻകാസ് കുവൈറ്റ് വാഗ്ദാനം ചെയ്തു. അബ്ബാസിയയിൽ നടന്ന യോഗത്തിൽ ഇൻകാസ് കുവൈറ്റ് ചെയർമാൻ രാജീവ് നടുവിലമുറി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, മീഡിയ കൺവീനർ മധു മാഹി, ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, സുനിൽജിത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, രതീഷ് കുമ്പളത്ത്, ജോൺ തോമസ് കൊല്ലകടവ്, ഒസാമ വാഹിദ്, സുമിത് പത്തനംതിട്ട, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സജി മോൻ, ആദർശ്, വിനോദ് കൊല്ലം, രതീഷ് എരിമറ്റത്തിൽ, ടോം തിരുവനന്തപുരം, ബിജി പള്ളിക്കൽ, രെഞ്ചു, ഷിബു കുമരകം,ജോർജ് തോമസ്, രാജേഷ് കുമാർ സോമശേഖരൻ പിള്ള എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇൻകാസ് സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി.