സിവിൽ ഐഡിയിൽ രക്തഗ്രൂപ്പ് ചേർക്കാൻ സഹൽ ആപ്പിലൂടെ സൗകര്യം ഒരുക്കി PACI

0
70

കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഡിജിറ്റൽ സിവിൽ ഐഡിയിൽ രക്തഗ്രൂപ്പ് വിവരങ്ങൾ ചേർക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. സഹേൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ലളിതവും സുരക്ഷിതവും പൂർണമായും ഓൺലൈൻ രീതിയിലും രക്തഗ്രൂപ്പ് വിവരങ്ങൾ പുതുക്കാൻ ഇനി ഉപയോക്താക്കൾക്ക് സാധിക്കും. സ്മാർട്ട് സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിനും പൊതുജന സേവന നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനുമായി കുവൈത്ത് നടപ്പാക്കുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ നിർണായക മെഡിക്കൽ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ സേവനം സഹായിക്കുമെന്ന് PACI വ്യക്തമാക്കി. അപകടങ്ങളോ ജീവൻ ഭീഷണിയിലാകുന്ന സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ രക്തഗ്രൂപ്പ് വിവരങ്ങൾ ഉടൻ ലഭിക്കുന്നതിലൂടെ ചികിത്സാ നടപടികൾ വേഗത്തിലാക്കാനും ആരോഗ്യ-അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പൗരന്മാരും താമസക്കാരും തങ്ങളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ ഡിജിറ്റൽ സിവിൽ ഐഡിയിൽ ചേർത്ത് ഈ സേവനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് PACI അഭ്യർഥിച്ചു.