കുവൈത്തിൽ നാല് മാസമായി കാണാതായ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം അൽ-സൽമി മരുഭൂമിയിൽ നിന്ന് കണ്ടെത്തി

0
23

കുവൈത്ത് സിറ്റി: കാണാതായ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ അൽ-സൽമി മരുഭൂമിയിൽ നിന്ന് കണ്ടെത്തി. ജോലി സ്ഥലത്തെ അപകടമരണം മറച്ചുവെക്കാൻ മൃതദേഹം രഹസ്യമായി സംസ്കരിച്ചെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. മാർച്ച് 19-ന് ഹെവി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഉപകരണ ഉടമയ്‌ക്കൊപ്പം അൽ-സൽമി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ തൊഴിലാളി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കാണാതായതായി പരാതി നൽകിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ, തൊഴിലാളി പ്രതിക്കൊപ്പം മരുഭൂമിയിലേക്ക് പോകുന്നതും പിന്നീട് വാഹനം മടങ്ങിയെത്തുമ്പോൾ തൊഴിലാളി അതിലില്ലാതിരുന്നതും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് പ്രതിയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ തൊഴിലാളി മരിച്ചതായി ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.