വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി; ആഭ്യന്തര മന്ത്രാലയവുമായി സഹകരണം ശക്തമാക്കി കുവൈത്ത്

0
14

കുവൈറ്റ് സിറ്റി : രാജ്യത്തുടനീളമുള്ള വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിനായി കുവൈത്തിലെ വാണിജ്യ-വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരണം വിപുലീകരിച്ചു. ഗുരുതര നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഉടൻ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിനായി വാണിജ്യ നിയന്ത്രണ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധികളുമായി ഒരു ഏകോപന യോഗം നടത്തി. പരിശോധനാ പ്രവർത്തനങ്ങളിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും പരിശോധനാ സംഘങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനും സഹകരണം സഹായിക്കുമെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.

ഗുരുതരമായ വാണിജ്യ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം ഉടൻ നാടുകടത്തൽ വരെ ഉൾപ്പെടുന്ന നടപടികൾ സ്വീകരിക്കാൻ ഇരുഭാഗവും ധാരണയിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, 71 സഹകരണ സംഘങ്ങളുടെയും വിതരണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന വാണിജ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ഓപ്പറേഷൻസ് റൂം ആഭ്യന്തര മന്ത്രാലയവുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് അൽ-അൻസാരി അറിയിച്ചു. ഈ സംയോജിത സംവിധാനം വഴി പരിശോധനകളും സുരക്ഷാ നിരീക്ഷണവും കൂടുതൽ ശക്തിപ്പെടുത്തി സഹകരണ സംഘങ്ങളുടെയും വിതരണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളിൽ മികച്ച മേൽനോട്ടം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.