കുവൈറ്റ് സിറ്റി : കുവൈത്തിനെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വ്യാഴാഴ്ച അൽ-അബ്ദാലി ലക്ഷ്യമിട്ട ആക്രമണമാണ് ഏറ്റവും ഒടുവിലത്തേതെന്ന് മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക പ്രസ്താവനയിൽ, ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും, യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും ഗുരുതരമായ ലംഘനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള തുടർച്ചയായ ആക്രമണങ്ങൾ യാതൊരു ന്യായീകരണവുമില്ലാത്തതും, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയുയർത്തുന്ന അപകടകരമായ സാഹചര്യമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിന് നിലനിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി.





























