ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം: കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ മത്സരങ്ങളും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നു

0
9

കുവൈത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ മത്സരങ്ങളും പൊതുപങ്കാളിത്ത പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹത്തിലെ എല്ലാ സംഘടനകളും പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് എംബസി അഭ്യർഥിച്ചു.

‘വിക്സിത് ഭാരത് 2047’ പെയിന്റിംഗ് മത്സരം ‘വിക്സിത് ഭാരത് 2047’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ edu.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഓഗസ്റ്റ് 8-നകം അയയ്ക്കണം. മികച്ച ചിത്രങ്ങൾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രദർശിപ്പിക്കും.

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യയുടെ കല, പൈതൃകം, വികസനം, നവീകരണം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയ ഏത് വിഷയവും ആസ്പദമാക്കി ചിത്രങ്ങൾ സമർപ്പിക്കാം. എൻട്രികൾ edu.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഓഗസ്റ്റ് 8-നകം അയയ്ക്കണം. മികച്ച ചിത്രങ്ങൾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രദർശിപ്പിക്കും.

‘ഭാരത് കോ ജാനിയേ’ ക്വിസ് ഓഗസ്റ്റ് 3 മുതൽ 14 വരെ നടക്കും. bkjquiz.com സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് പരിധിയില്ലാതെ പങ്കെടുക്കാം. കുവൈത്തിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ആദരിക്കും.

#MyIndiaMyStory ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്ത്യയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുന്ന കഥകൾ, ഹ്രസ്വ വീഡിയോകൾ, ചിത്രങ്ങൾ എന്നിവ edu.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കാം. കൂടാതെ #MyIndiaMyStory ഹാഷ്‌ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലും പങ്കുവെക്കാവുന്നതാണ്.

‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്‌നിന്റെ ഭാഗമായി ദേശീയപതാകയായ തിരംഗയ്ക്കൊപ്പമുള്ള സെൽഫി harghartiranga.com-ൽ അപ്‌ലോഡ് ചെയ്ത് രാജ്യസ്നേഹം പ്രകടിപ്പിക്കാനും എംബസി ആഹ്വാനം ചെയ്തു.