കുവൈറ്റ് സിറ്റി : കുവൈത്തിലെ ഖൈത്താൻ മേഖലയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 47 പേർ അറസ്റ്റിലായി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും വിവിധ കേസുകളിൽ നിയമപരമായി പിടികൂടാൻ ആവശ്യപ്പെട്ടിരുന്നവരുമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച പരിശോധന ബുധനാഴ്ച പുലർച്ചെ വരെ തുടർന്നു. മേഖലയിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായാണ് വ്യാപക പരിശോധന നടത്തിയത്. താമസ നിയമങ്ങളും മറ്റ് നിയമങ്ങളും ലംഘിക്കുന്നവരെയും വിവിധ കേസുകളിൽ വാണ്ടഡ് ആയിട്ടുള്ളവരെയും കണ്ടെത്തുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.































