കുവൈത്തും ഇന്ത്യയും ഭക്ഷ്യസുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച നടത്തി

0
70

കുവൈറ്റ് സിറ്റി : ഭക്ഷ്യസുരക്ഷയും തന്ത്രപ്രധാന ഭക്ഷ്യശേഖരവും ഉൾപ്പെടെയുള്ള മേഖലകളിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, വ്യവസായ, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും തന്ത്രപ്രധാന ഭക്ഷ്യശേഖരം വർധിപ്പിക്കുന്നതിനുമായി ഇന്ത്യയുമായി സംയുക്തമായി പ്രവർത്തിക്കാവുന്ന മേഖലകൾ ഇരുപക്ഷവും പരിശോധിച്ചു. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറിയ ഇരു രാജ്യങ്ങളും മുൻഗണനാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.