കുവൈത്തിൽ ഓണാഘോഷവുമായി ലുലു; ‘ഓണം ഇവിടെയാണ്’ പ്രമോഷന് തുടക്കം

0
8

കുവൈത്ത് സിറ്റി : കേരളത്തിന്റെ ഓണാഘോഷങ്ങളുടെ നിറവും രുചിയും പാരമ്പര്യവും കുവൈത്തിലെത്തിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ‘ഓണം ഇവിടെയാണ്’ എന്ന പേരിൽ പ്രത്യേക ഓണം പ്രമോഷന് തുടക്കമായി.

ഓഗസ്റ്റ് 22ന് ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ ലുലു കുവൈത്ത് ഡയറക്ടർ ശ്രീജിത്ത് കെ.എസ്. നിലവിളക്ക് തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, ലുലുവിലെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈസ്റ്റേൺ സ്പോൺസർ ചെയ്ത പൂക്കള മത്സരമാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. 25 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ പരമ്പരാഗത പൈതൃകം വിളിച്ചോതുന്ന വിവിധ രൂപങ്ങളിലുള്ള പൂക്കളങ്ങൾ ലുലു ഔട്ട്‌ലെറ്റിൽ ഓണാന്തരീക്ഷം സൃഷ്ടിച്ചു.

കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന പായസമേളയും സംഘടിപ്പിച്ചു. 50ലേറെ പേർ പങ്കെടുത്ത പായസമേളയിൽ വിവിധതരം പായസങ്ങൾ അവതരിപ്പിച്ചു. സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്താവിഷ്‌കാരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഓണം പ്രമോഷന്റെ ഭാഗമായി 23 വിഭവങ്ങളടങ്ങിയ പരമ്പരാഗത ഓണസദ്യ മിതമായ നിരക്കിൽ ലുലു ഒരുക്കിയിട്ടുണ്ട്. പായസപ്രേമികൾക്കായി 14ലേറെ ഇനം പായസങ്ങളും ലഭ്യമാണ്. കുടുംബങ്ങൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കും സൗകര്യപ്രദമായി ഓണസദ്യ ഒരുക്കുന്നതിനായി ബൾക്ക് ഓർഡറുകളും മുൻകൂർ ബുക്കിങ്ങും ലഭ്യമാക്കിയിട്ടുണ്ട്.

ഓണസദ്യയ്ക്കും ഭക്ഷ്യവിഭവങ്ങൾക്കും പുറമെ ഇന്ത്യൻ പച്ചക്കറികൾക്കും ഓണാവശ്യ സാധനങ്ങൾക്കും പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. സാരികൾ, ചുരിദാറുകൾ, കുർത്തികൾ എന്നിവയ്ക്ക് 25 ശതമാനം വരെ ഇളവും ലഭിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ പരമ്പരാഗത ഓണ വസ്ത്രങ്ങളും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.

പാരമ്പര്യം, സംസ്കാരം, കേരളീയ രുചികൾ, ആകർഷകമായ ഷോപ്പിങ് ഓഫറുകൾ എന്നിവ സമന്വയിപ്പിച്ചാണ് ‘ഓണം ഇവിടെയാണ്’ പ്രമോഷനിലൂടെ കുവൈത്തിലെ മലയാളികൾക്കും മറ്റ് ഉപഭോക്താക്കൾക്കും കേരളത്തിന്റെ ഓണാഘോഷ അനുഭവം ലുലു ഒരുക്കുന്നത്.