മുടങ്ങിയ പ്രവാസി പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യണം – കല കുവൈറ്റ്

0
8

കുവൈറ്റ് സിറ്റി: മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശിക ഉൾപ്പെടെ ഓണത്തിന് മുൻപായി വിതരണം ചെയ്യണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് നിരവധി പ്രവാസി പെൻഷൻ ഗുണഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രായാധിക്യം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പെൻഷനെ ആശ്രയിച്ച് കഴിയുന്നവർക്ക് തുക മുടങ്ങുന്നത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഓണം അടുത്തെത്തിയ സാഹചര്യത്തിൽ കുടിശ്ശികയായ പെൻഷൻ തുക അടിയന്തരമായി അനുവദിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിക്കേണ്ടതുണ്ട്. പ്രവാസി ക്ഷേമനിധിയിലേക്ക് കൃത്യമായി സംഭാവന നൽകിയവരുടെ അവകാശമായ പെൻഷൻ വിതരണം തുടർച്ചയായി വൈകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നടപടി വേണമെന്നും ഓണത്തിന് മുൻപായി കുടിശ്ശിക തീർത്ത് പെൻഷൻ വിതരണം പൂർത്തിയാക്കുകയും ഭാവിയിൽ മുടക്കം ഉണ്ടാകാത്ത വിധത്തിൽ സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.