കുവൈറ്റ് സിറ്റി : കുവൈത്തിലെ സൽമിയയിൽ നിയമലംഘനം കണ്ടെത്തിയ രണ്ട് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. പണം ഇടപാടുകളും മറ്റ് വാണിജ്യ നടപടിക്രമങ്ങളും സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
അഹ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ അടിയന്തര പരിശോധനാ സംഘവും മുബാറക് അൽ-കബീർ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ചില വാണിജ്യ പ്രവർത്തനങ്ങളിൽ പണം ഉപയോഗിച്ചുള്ള ഇടപാടുകൾ നിരോധിക്കുന്ന 2026ലെ മന്ത്രിതല തീരുമാനം നമ്പർ 32 ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി.
സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളും ഉടൻ അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമങ്ങളും വാണിജ്യ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
































