കുവൈത്ത് വിമാനത്താവള റഡാർ സംവിധാനത്തിന് നേരെ ആക്രമണം

0
38

കുവൈത്ത് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിക്കുകയും വ്യോമഗതാഗത പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇറാനിയൻ ആക്രമണം തുടരുന്നതിനെതിരെ കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ഐസിഎഒ) മൂന്നാമത്തെ ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു.

വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിക്കുകയും വിമാന ഗതാഗത പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തതായി DGCA അറിയിച്ചു. ആക്രമണത്തെ തുടർന്ന് റഡാർ സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. സിവിൽ വ്യോമയാന സുരക്ഷയെയും വിമാന സർവീസുകളുടെ പ്രവർത്തനങ്ങളെയും ഇത് ഗുരുതരമായി ബാധിച്ചതായും DGCA പറഞ്ഞു.

സംഭവത്തെ തുടർന്ന് യാത്രക്കാരുടെയും വിമാന സർവീസുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ഇതിന്റെ ഭാഗമായി വിമാന ഗതാഗതം ഭാഗികമായി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ICAOയ്ക്ക് അയച്ച പ്രതിഷേധ കത്തിൽ, സിവിൽ വിമാനത്താവള സൗകര്യങ്ങളെയും വ്യോമ നാവിഗേഷൻ സംവിധാനങ്ങളെയും ആവർത്തിച്ച് ലക്ഷ്യമിടുന്നത് 1944-ലെ ഷിക്കാഗോ കൺവെൻഷന്റെ ഗുരുതര ലംഘനമാണെന്നും സിവിൽ വ്യോമയാന സുരക്ഷയെ സംബന്ധിച്ച അന്താരാഷ്ട്ര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും DGCA ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമണങ്ങൾ യാത്രക്കാരുടെയും പൈലറ്റുമാരുടെയും വ്യോമയാന മേഖലയിലെ ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്നതോടൊപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ വിമാന ഗതാഗത സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട് ചെയ്ത ലംഘനങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ആഗോള വ്യോമയാന സുരക്ഷയെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ICAO തങ്ങളുടെ അധികാര പരിധിക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അവകാശങ്ങളും കുവൈത്ത് നിലനിർത്തുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളും ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളും അനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും DGCA വ്യക്തമാക്കി.