സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

0
38

കൊച്ചി:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഘടകകക്ഷി മന്ത്രിമാരും ചേർന്നു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

കേരളം വളർച്ചയുടെ പടികളിലേക്ക് വേഗത്തിൽ മുന്നേറുകയാണെന്നും നവകേരളം എന്ന ലക്ഷ്യം നിറവേറ്റുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഈ വിഷയങ്ങൾ എടുത്തുപറഞ്ഞത്. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന വികസനത്തിനായി സമഗ്ര പ്രവർത്തനപദ്ധതി അടങ്ങിയ പ്രകടനവിവരത്തോടെയാണ് മുന്നേറ്റം നടത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ നടന്ന അതുല്യമായ വികസനപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. നാല് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഭൂസ്വത്തവകാശം നൽകിയത്, ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി, അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ പ്രയത്നങ്ങൾ തുടങ്ങിയവയെല്ലാം ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.